എഴുത്തും, വായനയും, അല്പസ്വല്പം ഇന്റർനെറ്റ് ഗുസ്തിയും അറിയാവുന്ന ഏതൊരുവനും/ഒരുത്തിക്കും ബ്ലോഗ് തുടങ്ങാം. ശ്രീ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ "അല്പസ്വല്പപം അനുഭവങ്ങളുണ്ടാകാത്ത മനുഷ്യന്മാരോ, മനുഷ്യത്തികളോ ഉണ്ടോ ഈ ലോകത്ത്?" അതങ്ങ് സ്വല്പം ഭാവനയും, സംഗതിയും, ഗുൽഗുലാഫിയൊക്കെ ചേർത്ത് പോസ്റ്റിയാമതി അല്ലപിന്നെ !!

Tuesday, July 5, 2011

ആത്മപ്രണാമം



മലയാളഭാഷ എത്രകണ്ട് ലളിതമാക്കാമോ അത്രകണ്ട് ലളിതമാക്കി, അല്പസ്വല്പം മലയാളമറിയാവുന്ന ഏതൊരു വായനക്കാരനും ഗ്രഹിക്കാവുന്ന തരത്തിലുള്ള കഥകളും, നോവലുകളൂം, തിരക്കഥകളൂം രചിച്ച് മലയാളഭാഷയെ ഒരു കാലത്ത് സമ്പുഷ്ടമാക്കിയ കഥാകാരൻ, മലയാളത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീർ സ്മരണകൾ മാത്രമായിട്ട് ഇന്നേക്ക് പതിനേഴ് വർഷം തികയുന്നു. എന്റെ ഈ ബ്ലോഗിന്റെ പേരായ "ഹുന്ത്രാപ്പിബുസ്സാട്ടോ" എന്ന വാക്കിന്റെ യഥാർത്ഥ ഉടയോന് ആത്മപ്രണാമങ്ങൾ അർപ്പിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ - മലയാളം വിക്കിപീഡിയ
വൈക്കം മുഹമ്മദ് ബഷീർ - ഇംഗ്ലീഷ് വിക്കിപീഡിയ
ഓർമ്മയിൽ ബഷീർ - മാതൃഭൂമി
ഒരു മനുഷ്യൻ - മാതൃഭൂമി

Monday, July 4, 2011

Delhi Belly (ഡെല്ലി ബെല്ലി)



അങ്ങനെ ഡെല്ലി ബെല്ലിയും കണ്ടു. ഇങ്ങനെയൊരു ചിത്രം നിർമ്മിച്ചതിന് അമീർ ഖാനും, യു ടി.വിക്കും അഭിനന്ദനങ്ങൾ. ചിത്രം നന്നായി ഇഷ്ടപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഠപ്പേ...ന്ന് തുടങ്ങി കുറേ ചിരിപ്പിച്ചും അതിശയിപ്പിച്ചും (അതിശയിപ്പിച്ചത് അതിലെ ഹിന്ദിയിലുള്ള അനവധി തെറികളും, ഒന്ന് രണ്ട് മറ്റേ സീനുകളൂം, പിന്നെ ദില്ലിയിലെ വേശ്യാത്തെരുവിലെ ഒരു രംഗവുമാണ്!!!) ഒട്ടും ബോറടിപ്പിക്കാതെ ഠപ്പേ..ന്ന് തീരുന്ന ഒരു ചിത്രം. ചിത്രം കഴിഞ്ഞപ്പോ അയ്യോ കഴിഞ്ഞോ എന്ന് തോന്നിപ്പോയി. ആകെ 1.45 മണിക്കൂറെ ഈ ചിത്രമുള്ളു എന്നത് ഒരു നല്ല കാര്യമായിട്ടാണ് തോന്നിയത്. ഇടവേളയും വലിച്ചുനീട്ടലും ഒന്നും ഇല്ലാതെ പെട്ടന്ന് പരിപാടി അവസാനിപ്പിച്ചിട്ടുണ്ട്.

പ്രധാനമായും യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലഭിച്ച "എ" സർട്ടിഫിക്കറ്റ് നന്നായിത്തന്നെ ചിത്രത്തിൽ മുതലാക്കുന്നുണ്ട്. ചലച്ചിത്രത്തെ ചലച്ചിത്രമായി മാത്രം കാണാൻ ബുദ്ധിമുട്ടുള്ള സദാചാരപ്രാസംഗികർ / നിരൂപകർ അവരുടെ അനുഭാവികൾ, അനുകൂലികൾ തുടങ്ങിയവർ ഈ ചിത്രം തീർച്ചയായും ഉപേക്ഷിക്കേണ്ട ഒന്നാകുന്നു. കാരണം ഇത്തരം കൂട്ടർക്ക് ദഹിക്കാത്തതും, നെറ്റിചുളിഞ്ഞേക്കാവുന്നതുമായ ഒട്ടനവധി സീനുകളൂം, സംഭാഷണങ്ങളും ഈ ചിത്രത്തിൽ ധാരധാരയായി ഒരു പ്രവാഹം തന്നെ നടത്തുന്നുണ്ട്.

കഥ എന്ന് പറയുവാൻ ഈ ചിത്രത്തിൽ കാര്യമായൊന്നുമില്ല. ഒരു സന്ദേശവും ഈ ചിത്രം നൽകുന്നില്ല. അശ്ലീലം എന്ന് വിലയിരുത്തിയേക്കാവുന്ന ഒരു പാട് രംഗങ്ങൾ ഉണ്ട്താനും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രാവശ്യമെങ്കിലും കാണേണ്ട ചിത്രമാകുന്നു ഡെല്ലി ബെല്ലി!.

*വിജയ് റാസ് ആണ് ഇതിലെ വില്ലൻ. മൂപ്പരുടെ അഭിനയം ........ഹോ!! തകർത്തു.

*കാണുന്നുണ്ടെങ്കിൽ ഈ ചിത്രം തീയറ്ററിൽ പോയിത്തന്നെ കാണണം. ടി.വി.യിൽ വരുമ്പോൾ കാണാമെന്നു വെച്ചാൽ. ബീപ്...ബീപ്...ബീപ് എന്ന ശബ്ദമല്ലാതെ കാര്യമായൊന്നും സംഭാഷണമായി നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല !!.

*എ സർട്ടിഫിക്കറ്റായിട്ടുപോലും ദില്ലിയിലെ മൾട്ടിപ്ലസുകളിലെ ആൺ-പെൺ വ്യത്യാസമില്ലാത്ത തിക്കും തിരക്കും ഒന്ന് കാണേണ്ടതു തന്നെയാണ് അതിശയിച്ചു പോകും!!

Wednesday, June 22, 2011

അവാർഡ് കലപില

ഒരു നടൻ എന്ന് പറഞ്ഞാൽ ആരാണ്, നായകനടൻ, ഹാസ്യനടൻ, സഹനടൻ, വില്ലൻ നടൻ തുടങ്ങിയനടന്മാരിൽ മുന്തിയ ഇനത്തെ എങ്ങനെ വേർതിരിക്കാം. ഒരു പുരസ്കാരത്തിന് പരിഗണിക്കുമ്പോൾ നടന്മാരെ എങ്ങനെയൊക്കെ തരം തിരിച്ച് പരിഗണിക്കാം. കാലാകാലങ്ങളായി പുരസ്കാരത്തിനായി പരിഗണിച്ച് വരുന്നത്, നായകനടനേയും, സഹനടനേയുമായിരുന്നു. കാലക്രമേണ ഹാസ്യനടനും പുരസ്കാരത്തിനർഹനായി, ഇപ്പോൾ മികച്ച വില്ലനും പുരസ്കാരാർഹനാണ്. ഇനിയങ്ങോട്ട്, മികച്ച അച്ഛൻ നടൻ, ഏട്ടൻ നടൻ, അമ്മാവൻ നടൻ, അളിയൻ നടൻ, കാര്യസ്ഥൻ നടൻ, സഹഹാസ്യനടൻ, സഹവില്ലൻ നടൻ തുടങ്ങിയവരും പുരസ്കാരത്തിനർഹനായേക്കാം. ഈയൊരു പോക്ക് ഭയന്നിട്ടാണോ, ഇതിന്റെ ആവശ്യകതയിലെ സംശയമാണോ എന്താണെന്നറിയില്ല ദേശീയ പുരസ്കാര ജേതാവ് നമ്മുടെ സലീം കുമാർ ഇപ്പോ പറയുന്നത് ഇത്തരം അവാർഡുകളെല്ലാം നിർത്തലാക്കണം എന്നാണ്. നവരസങ്ങളിൽ ഹാസ്യം എന്നത് ഒരു രസം മാത്രമാണ്, അതുകൊണ്ട് അതിന് അങ്ങനെ വേർതിരിച്ച് ഒരു പുരസ്കാരത്തിന് പരിഗണിക്കേണ്ട കാര്യമില്ല എന്നൊക്കെയാണ് സലീംകുമാർ പറയുന്നത്. ഇതിനെ മികച്ച പുരസ്ക്കാരം ഒന്നും കിട്ടാത്ത മറ്റു സഹ-ഹാസ്യനടന്മാർക്കും, മറ്റു പലർക്കും എങ്ങനെ വേണമെങ്കിലും നോക്കിക്കാണാം, ഒരു ദേശീയ പുരസ്ക്കാരം അബദ്ധത്തിൽ!! കിട്ടിയതു കൊണ്ടുണ്ടായ സലീംകുമാറിന്റെ ഹുങ്കായും അല്ലെങ്കിൽ അഹങ്കാരമായും നോക്കിക്കാണാം, സലീംകുമാറിന് വിവരമില്ല എന്ന് പറയാം, അല്പന് ആ സാധനം കിട്ടിയത് കൊണ്ട് അർദ്ധരാത്രി അമ്പ്രല്ല പിടിക്കാണ് എന്ന് പറയാം. പറയുന്നവർ എന്തൊക്കെ പറഞ്ഞാലും സലീം കുമാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണെനിക്കഭിപ്രായം. പക്ഷേ... അത് ഒട്ടും പ്രാക്ടിക്കലല്ല എന്നതാണ് വാസ്തവം. ഒരു നടൻ എല്ലാ തരം ഭാവങ്ങളും അഭിനയിച്ച് ഫലിപ്പിക്കാൻ ശേഷിയുള്ളവനായിരിക്കണം എന്നത് ശരിതന്നെ അങ്ങനെയാണെങ്കിൽ ഇവിടെ ഒരു നടന് മാത്രമേ പുരസ്കാരം ലഭിക്കുകയുള്ളൂ. അത് നായകനടനായിരിക്കും കാരണം ഇന്നിപ്പോൾ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ 99 ശതമാനവും നായകകേന്ദ്രീകൃത ചലച്ചിത്രങ്ങളാണ്. അങ്ങനെയുള്ളപ്പോൾ മറ്റുള്ള നടന്മാർക്ക് എങ്ങനെ ഒരു പുരസ്കാരം ഒപ്പിച്ചെടുക്കാനാവും. (കാശില്ലാത്ത നടന്മാരെക്കുറിച്ചാണ് പറഞ്ഞത്, കാശുള്ളവർക്കൊക്കെ പിന്നെ എന്തുമാവാല്ലോ!!). ഏതൊരു നടനെ സംബന്ധിച്ചിടത്തോളവും കാശ് കൊടുത്ത് വാങ്ങാത്ത പുരസ്കാരം എന്നത് അത് മുന്തിയതായാലും, ലോക്കലായാലും ഒരു പ്രോത്സാഹനം തന്നെയാണ്. അവന്റെ മുന്നോട്ടുള്ള അഭിനയജീവിതത്തിന് ഒരു പ്രചോദനം തന്നെയാണത്. സലീം കുമാറിനേപ്പോലെ ഒരു ആദാമിന്റെ മകൻ എല്ലാവർക്കും കിട്ടിക്കോളണം എന്നില്ലല്ലോ. അങ്ങനെയുള്ളവരാണ് അധികവും. പിന്നെ ഈ പുരസ്കാര സമിതി എന്ന പേരിലും കുറച്ച് പേർ കഞ്ഞി കുടിച്ച് പോകുന്നുണ്ട് അവർക്കും എന്തെങ്കിലും പണി വേണ്ടേ?. പിന്നെ സലീം കുമാറടക്കമുള്ള എല്ലാ നടീനടന്മാരും മുട്ടിന്-മുട്ടിന് പറയുന്ന ഒരു കാര്യമുണ്ട് ഏതവാർഡിനും വിലമതിക്കാനാവാത്തതാണ് പ്രേക്ഷകരുടെ മനസ്സിലുള്ള സ്ഥാനം (സംഭവം കണ്ണിൽ പൊടിയിടുകയാണ് എങ്കിലും)എന്ന്. അങ്ങനെയുള്ളപ്പോൾ നിങ്ങൾ എന്തിന് അവാർഡിനെച്ചൊല്ലി കലഹിക്കണം. നിങ്ങൾ നല്ല നല്ല സിനിമയുണ്ടാക്കൂ.. അതിനു വേണ്ടി പരിശ്രമിക്കൂ.. നിങ്ങൾ അതിന് വേണ്ടി സ്വമേതയാ നിയമിതരായവരാണ്. നിങ്ങൾ നല്ല നല്ല ചലച്ചിത്രങ്ങളും, നല്ല നല്ല അഭിനയമുഹൂർത്തങ്ങളും ജനങ്ങൾക്ക് നൽകൂ, നിങ്ങളുടെ പേർ ചരിത്രത്തിലും, പ്രേക്ഷകമനസ്സിലും സുവർണ്ണലിപികളിൽ രേഖപ്പെടും സംശയമില്ല. :)

Tuesday, June 21, 2011

ഒരു നേരമ്പോക്ക്.... :)

ടി. വി. കണ്ട് കണ്ട് കണ്ട്.... ബോറടിച്ചിരുന്ന ഒരു ഒഴിവു ദിവസത്തിൽ കാട്ടിക്കൂട്ടിയത്. കുഴപ്പമില്ല എന്നു തോന്നിയതുകൊണ്ട് പോസ്റ്റുന്നു. :)

Saturday, May 7, 2011

Haunted അഥവാ വേട്ടയാടപ്പെടുന്ന പ്രേക്ഷക ജനം!!


 Haunted - കണ്ടു. ഇന്ത്യയിലെ ആദ്യത്തെ "Stereoscopic 3D horror film" എന്ന ലേബലിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. എന്റെ ആദ്യത്തെ 3D അനുഭവമായിരുന്നു ഈ ചിത്രം. ചുരുക്കിപ്പറഞ്ഞാൽ 3D ആയതുകൊണ്ടു മാത്രം ചിത്രം കണ്ടിരിക്കാം. അപ്പോപ്പിന്നെ ചിത്രത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ!!. എന്നിരുന്നാലും മുടക്കിയ 150 രൂപ എന്റെ സ്വന്തം പോക്കറ്റിൽ നിന്നായതിനാൽ ചിലത് പറയുന്നു.

നായകനായി അഭിനയിച്ചിരിക്കുന്നത് (അഭിനയിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്, എന്തരോ എന്തോ!!) പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയുടെ മകനയായ "മഹക്ഷേ ചക്രവർത്തിയാണ്" (ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ ഇദ്ദേഹത്തിന്റെ ആദ്യ ചിത്രത്തെക്കൂടി പരാമർശിക്കണം), മിമോ ചക്രവർത്തി എന്ന മഹക്ഷേ ചക്രവർത്തിയുടെ ആദ്യ ചിത്രമാണ് "ജിമ്മി". ഈ ചിത്രം ഇറങ്ങിയ അവസരത്തിൽ ഇവിടെ (ദില്ലിയിൽ) പറയുന്നത് കേട്ടിട്ടുണ്ട്, "ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രികരെ ട്രാഫിക് പോലീസ് പിടിക്കുമ്പോൾ ഇപ്പോൾ ഫൈനിനു പകരം "ജിമ്മി" എന്ന ചിത്രം കാണാനാണ് ട്രാഫിക് പോലീസുകാർ ശുപാർശ ചെയ്യുന്നത് എന്ന്". ഈ ചിത്രത്തിലും മ്മ്ടെ ജിമ്മി തഥൈവ!.

പിന്നെ വിക്രം "വ"/ബട്ട്, മൂപ്പർ ആദ്യമായി സംവിധാനിച്ച പ്രേത ചിത്രമാണ് Raaz ഈ ചിത്രം ഒരു വിധം തരക്കേടില്ലായിരുന്നു, 2002-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഈ ചിത്രത്തിനായിരുന്നു. Raaz-ൽ നിന്ന് Haunted-ലേക്ക് എത്തുമ്പോൾ, എത്തുമ്പോൾ എന്ന് പറയാൻ പറ്റില്ല കാരണം എത്തിയിട്ടില്ല അതു തന്നെ. വിക്രം ബട്ട് ഇപ്പോഴും അവിടെത്തന്നെയാണ്, മൂപ്പർക്ക് ഇപ്പോഴും അവിടെ നിന്ന് ബസ് കിട്ടിയിട്ടില്ല!!. അതേ ബ്ലംഗാവും, നിശബ്ദതയിൽ പെട്ടന്ന് പണ്ടാറടങ്ങുന്ന കുറേ ശബ്ദവിന്യാസങ്ങളും!!, ഒട്ടും ലോജിക്കലല്ലാത്ത കഥയും, കഥാഗതിയും, പിന്നെ പ്രേതത്തെ അടുത്തറിയാവുന്ന!! രണ്ട് മൂന്ന് ആളൂകളൂം, അവരുടെ കുറേ കോപ്രായങ്ങളും. അങ്ങനെയങ്ങനെയങ്ങനെ....

ഇനി പ്രേതത്തെ കുറിച്ച് ഗവേഷണം നടത്താൻ താത്പര്യം ഉള്ളവർക്ക് ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്ന കുറച്ച് ടിപ്സുകൾ:
1) പ്രേതങ്ങൾക്ക് എഴുതാൻ കഴിയുമെങ്കിലും വായിക്കാനുള്ള കഴിവില്ല (സാക്ഷരതാ പ്രശ്നം).!!
2) ആംഗ്യഭാഷ പ്രേതങ്ങൾക്ക് മനസ്സിലാവില്ല.
3) പ്രേതങ്ങളുടെ പേർ ആരെങ്കിലും ഉച്ചരിക്കുന്ന പക്ഷം, ഒന്നുകിൽ ഉച്ചരിക്കുന്ന ആൾ പ്രേതമായി മാറും, അല്ലെങ്കിൽ പ്രേതത്തിനു ശക്തി കൂടും.!!
4)ഇപ്പോൾ പ്രേതങ്ങൾ കൂടുതൽ ശക്തരാകുന്ന സമയം 12 മണി എന്നുള്ളതിൽ നിന്ന് പുലർച്ച 3 മണിയാക്കിയിരിക്കുന്നു. (വൈകീട്ട് 3 മണിയാകുന്നതോടു കൂടി ശക്തി കുറച്ച് കുറയാനും സാധ്യതയുണ്ട്)
5)പ്രേതത്തെ തടയാൻ പണ്ട് ഉപയോഗിച്ചിരുന്ന കുരിശിനു പകരം ഇപ്പോൾ ഒരു തരം തൈലം ലഭ്യമാണ്, ഇത് പ്രേതത്തിന്റെ ശരീരത്ത് തെളിച്ചാൽ കുറച്ച് നേരത്തേക്ക് പ്രേതശല്ല്യം ഒഴിവാക്കാം.
6)ഇപ്പോൾ പ്രേതങ്ങൾക്ക് ഒരാളെ 2011ൽ നിന്ന് 1936 ലേക്ക് പറിച്ചു നടാനുള്ള ശക്തിയുണ്ട്.

കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് വിക്രം ബട്ടുമായി ബന്ധപ്പെടാവുന്നതാണ്, അതുകൊണ്ടും തൃപ്തി വരുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ ചിത്രം കണ്ടേമതിയാകൂ എന്നുണ്ടെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!
 ഇത് റിവ്യൂ ഒന്നും അല്ല, അങ്ങനെ വിളിക്കാനും പറ്റില്ല/പാടില്ല. അതിനുള്ളതൊന്നും ഇത് ഇല്ല്യാന്നേ... :)

വിഘ്നേശ്വരാ.....

ന്റെ പേര് സുഭീഷ് / സുഭി, കുറേയേറെ ബ്ലോഗുകൾ വായിച്ചതിന്റെ വെളിച്ചത്തിലും, അതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടും, ഞാനും ഒന്ന് തുടങ്ങുകയാണ്. ബ്ലോഗിന്റെ പേര് മുകളിലെഴുതിയതുപോലെത്തന്നെ "ഹുന്ത്രാപ്പിബുസ്സാട്ടോ!!". ഇതെന്താ ഇങ്ങനെയൊരു പേര് എന്നാണോ? അപ്പോ നിങ്ങള് വിശ്വവിഖ്യാതനായ എഴുത്തുകാരനെ അറിയില്ലെ മ്മടെ"വൈക്കം മുഹമ്മദ് ബഷീറിനെ" ഹുന്ത്രാപ്പിബുസ്സാട്ടോ എന്ന വാക്ക് മൂപ്പരുടെ കണ്ടുപിടുത്തമാണ്. ഞാനിത് എവിടെയോ വായിച്ചതിൽ നിന്ന് ചൂണ്ടിയതാണ്, ഹേയ് അടിച്ചു മാറ്റിയതാണെന്ന്. അപ്പോ ഒക്കെ പറഞ്ഞ പോലെ.......ഇനിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം......
കുറച്ച് പഴയതാണെങ്കിലും, സവാ......രി ഗിരി ഗിരി. :)