എഴുത്തും, വായനയും, അല്പസ്വല്പം ഇന്റർനെറ്റ് ഗുസ്തിയും അറിയാവുന്ന ഏതൊരുവനും/ഒരുത്തിക്കും ബ്ലോഗ് തുടങ്ങാം. ശ്രീ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ "അല്പസ്വല്പപം അനുഭവങ്ങളുണ്ടാകാത്ത മനുഷ്യന്മാരോ, മനുഷ്യത്തികളോ ഉണ്ടോ ഈ ലോകത്ത്?" അതങ്ങ് സ്വല്പം ഭാവനയും, സംഗതിയും, ഗുൽഗുലാഫിയൊക്കെ ചേർത്ത് പോസ്റ്റിയാമതി അല്ലപിന്നെ !!

Saturday, May 7, 2011

Haunted അഥവാ വേട്ടയാടപ്പെടുന്ന പ്രേക്ഷക ജനം!!


 Haunted - കണ്ടു. ഇന്ത്യയിലെ ആദ്യത്തെ "Stereoscopic 3D horror film" എന്ന ലേബലിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. എന്റെ ആദ്യത്തെ 3D അനുഭവമായിരുന്നു ഈ ചിത്രം. ചുരുക്കിപ്പറഞ്ഞാൽ 3D ആയതുകൊണ്ടു മാത്രം ചിത്രം കണ്ടിരിക്കാം. അപ്പോപ്പിന്നെ ചിത്രത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ!!. എന്നിരുന്നാലും മുടക്കിയ 150 രൂപ എന്റെ സ്വന്തം പോക്കറ്റിൽ നിന്നായതിനാൽ ചിലത് പറയുന്നു.

നായകനായി അഭിനയിച്ചിരിക്കുന്നത് (അഭിനയിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്, എന്തരോ എന്തോ!!) പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയുടെ മകനയായ "മഹക്ഷേ ചക്രവർത്തിയാണ്" (ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ ഇദ്ദേഹത്തിന്റെ ആദ്യ ചിത്രത്തെക്കൂടി പരാമർശിക്കണം), മിമോ ചക്രവർത്തി എന്ന മഹക്ഷേ ചക്രവർത്തിയുടെ ആദ്യ ചിത്രമാണ് "ജിമ്മി". ഈ ചിത്രം ഇറങ്ങിയ അവസരത്തിൽ ഇവിടെ (ദില്ലിയിൽ) പറയുന്നത് കേട്ടിട്ടുണ്ട്, "ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രികരെ ട്രാഫിക് പോലീസ് പിടിക്കുമ്പോൾ ഇപ്പോൾ ഫൈനിനു പകരം "ജിമ്മി" എന്ന ചിത്രം കാണാനാണ് ട്രാഫിക് പോലീസുകാർ ശുപാർശ ചെയ്യുന്നത് എന്ന്". ഈ ചിത്രത്തിലും മ്മ്ടെ ജിമ്മി തഥൈവ!.

പിന്നെ വിക്രം "വ"/ബട്ട്, മൂപ്പർ ആദ്യമായി സംവിധാനിച്ച പ്രേത ചിത്രമാണ് Raaz ഈ ചിത്രം ഒരു വിധം തരക്കേടില്ലായിരുന്നു, 2002-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഈ ചിത്രത്തിനായിരുന്നു. Raaz-ൽ നിന്ന് Haunted-ലേക്ക് എത്തുമ്പോൾ, എത്തുമ്പോൾ എന്ന് പറയാൻ പറ്റില്ല കാരണം എത്തിയിട്ടില്ല അതു തന്നെ. വിക്രം ബട്ട് ഇപ്പോഴും അവിടെത്തന്നെയാണ്, മൂപ്പർക്ക് ഇപ്പോഴും അവിടെ നിന്ന് ബസ് കിട്ടിയിട്ടില്ല!!. അതേ ബ്ലംഗാവും, നിശബ്ദതയിൽ പെട്ടന്ന് പണ്ടാറടങ്ങുന്ന കുറേ ശബ്ദവിന്യാസങ്ങളും!!, ഒട്ടും ലോജിക്കലല്ലാത്ത കഥയും, കഥാഗതിയും, പിന്നെ പ്രേതത്തെ അടുത്തറിയാവുന്ന!! രണ്ട് മൂന്ന് ആളൂകളൂം, അവരുടെ കുറേ കോപ്രായങ്ങളും. അങ്ങനെയങ്ങനെയങ്ങനെ....

ഇനി പ്രേതത്തെ കുറിച്ച് ഗവേഷണം നടത്താൻ താത്പര്യം ഉള്ളവർക്ക് ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്ന കുറച്ച് ടിപ്സുകൾ:
1) പ്രേതങ്ങൾക്ക് എഴുതാൻ കഴിയുമെങ്കിലും വായിക്കാനുള്ള കഴിവില്ല (സാക്ഷരതാ പ്രശ്നം).!!
2) ആംഗ്യഭാഷ പ്രേതങ്ങൾക്ക് മനസ്സിലാവില്ല.
3) പ്രേതങ്ങളുടെ പേർ ആരെങ്കിലും ഉച്ചരിക്കുന്ന പക്ഷം, ഒന്നുകിൽ ഉച്ചരിക്കുന്ന ആൾ പ്രേതമായി മാറും, അല്ലെങ്കിൽ പ്രേതത്തിനു ശക്തി കൂടും.!!
4)ഇപ്പോൾ പ്രേതങ്ങൾ കൂടുതൽ ശക്തരാകുന്ന സമയം 12 മണി എന്നുള്ളതിൽ നിന്ന് പുലർച്ച 3 മണിയാക്കിയിരിക്കുന്നു. (വൈകീട്ട് 3 മണിയാകുന്നതോടു കൂടി ശക്തി കുറച്ച് കുറയാനും സാധ്യതയുണ്ട്)
5)പ്രേതത്തെ തടയാൻ പണ്ട് ഉപയോഗിച്ചിരുന്ന കുരിശിനു പകരം ഇപ്പോൾ ഒരു തരം തൈലം ലഭ്യമാണ്, ഇത് പ്രേതത്തിന്റെ ശരീരത്ത് തെളിച്ചാൽ കുറച്ച് നേരത്തേക്ക് പ്രേതശല്ല്യം ഒഴിവാക്കാം.
6)ഇപ്പോൾ പ്രേതങ്ങൾക്ക് ഒരാളെ 2011ൽ നിന്ന് 1936 ലേക്ക് പറിച്ചു നടാനുള്ള ശക്തിയുണ്ട്.

കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് വിക്രം ബട്ടുമായി ബന്ധപ്പെടാവുന്നതാണ്, അതുകൊണ്ടും തൃപ്തി വരുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ ചിത്രം കണ്ടേമതിയാകൂ എന്നുണ്ടെങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!
 ഇത് റിവ്യൂ ഒന്നും അല്ല, അങ്ങനെ വിളിക്കാനും പറ്റില്ല/പാടില്ല. അതിനുള്ളതൊന്നും ഇത് ഇല്ല്യാന്നേ... :)

വിഘ്നേശ്വരാ.....

ന്റെ പേര് സുഭീഷ് / സുഭി, കുറേയേറെ ബ്ലോഗുകൾ വായിച്ചതിന്റെ വെളിച്ചത്തിലും, അതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടും, ഞാനും ഒന്ന് തുടങ്ങുകയാണ്. ബ്ലോഗിന്റെ പേര് മുകളിലെഴുതിയതുപോലെത്തന്നെ "ഹുന്ത്രാപ്പിബുസ്സാട്ടോ!!". ഇതെന്താ ഇങ്ങനെയൊരു പേര് എന്നാണോ? അപ്പോ നിങ്ങള് വിശ്വവിഖ്യാതനായ എഴുത്തുകാരനെ അറിയില്ലെ മ്മടെ"വൈക്കം മുഹമ്മദ് ബഷീറിനെ" ഹുന്ത്രാപ്പിബുസ്സാട്ടോ എന്ന വാക്ക് മൂപ്പരുടെ കണ്ടുപിടുത്തമാണ്. ഞാനിത് എവിടെയോ വായിച്ചതിൽ നിന്ന് ചൂണ്ടിയതാണ്, ഹേയ് അടിച്ചു മാറ്റിയതാണെന്ന്. അപ്പോ ഒക്കെ പറഞ്ഞ പോലെ.......ഇനിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം......
കുറച്ച് പഴയതാണെങ്കിലും, സവാ......രി ഗിരി ഗിരി. :)