എഴുത്തും, വായനയും, അല്പസ്വല്പം ഇന്റർനെറ്റ് ഗുസ്തിയും അറിയാവുന്ന ഏതൊരുവനും/ഒരുത്തിക്കും ബ്ലോഗ് തുടങ്ങാം. ശ്രീ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ "അല്പസ്വല്പപം അനുഭവങ്ങളുണ്ടാകാത്ത മനുഷ്യന്മാരോ, മനുഷ്യത്തികളോ ഉണ്ടോ ഈ ലോകത്ത്?" അതങ്ങ് സ്വല്പം ഭാവനയും, സംഗതിയും, ഗുൽഗുലാഫിയൊക്കെ ചേർത്ത് പോസ്റ്റിയാമതി അല്ലപിന്നെ !!

Thursday, November 24, 2011

ആദാമിന്റെ മകൻ അബു

"ആദാമിന്റെ മകൻ അബു" ഇന്നലെയാണ് കണ്ടത് :(.
മധു അമ്പാട്ടിന്റെ ഛായാഗ്രഹണം അതു തന്നെയാണ് ചിത്രത്തിൽ എന്നെ ഏറെ ആകർഷിച്ച ആദ്യ ഘടകം. പശ്ചാത്തല സംഗീതവും, പാട്ടുകളും നല്ല നിലവാരം പുലർത്തുന്നതു തന്നെ.

സലീം കുമാറിന്റെ അഭിനയവും, സംഭാഷണവും ചിലയിടങ്ങളിൽ അസ്വാഭാവികമായിത്തോന്നി. എന്നാൽ ചിലയിടങ്ങളിൽ ഗംഭീരമായിട്ടുണ്ട്താനും. (സുലൈമാനെ ചെന്ന് കാണുന്ന രംഗം, അക്ബർ ട്രാവൽസിലെ അഷറഫിനെ ചെന്ന് ഹജ്ജിന് പോകാൻ പൈസ തികയില്ല എന്ന് പറഞ്ഞ് തിരിച്ച് പോരുന്നതുവരെയുള്ള രംഗം, മരക്കച്ചവടക്കാരൻ ജോൺസനിൽ നിന്ന് പൈസ വാങ്ങാതെ തിരിച്ച് പോരുന്നതു വരെയുള്ള രംഗം, ഇതൊക്കെ എനിക്കിഷ്ടപ്പെട്ട രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.)

അബു ഒരു ദേശീയപുരസ്കാരത്തിനർഹനാണോ..എന്ന് ചോദിക്കുകയാണെങ്കിൽ ഇതിനു മുൻപേ ദേശീയപുരസ്കാരം ലഭിച്ച പല പ്രതിഭകളുടേയും ഒപ്പം മാറ്റുരച്ചു നോക്കുകയാണെങ്കിൽ സലീം കുമാർ അബുവായി ഇനിയും വളരേണ്ടതുണ്ടായിരുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പക്ഷേ.. അങ്ങനെ നോക്കേണ്ട കാര്യമില്ല എന്ന് തന്നെയാണ് എന്റേയും അഭിപ്രായം. ഒരു കല ആസ്വദിക്കപ്പെടുന്നതും, അംഗീകരിക്കപ്പെടുന്നതും അതാതു കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നവരുടെ അഭിരുചികൾക്കനുസരിച്ചാണല്ലോ... കലാകാരനും അതുപോലെത്തന്നെയാണ്.

ഇതുകൊണ്ടൊന്നും തീരുന്നില്ലല്ലോ. സലീം കുമാർ ഇത്തരം കാമ്പുള്ള കഥാപാത്രങ്ങൾ വഹിക്കാൻ പ്രാപ്തിയുള്ള കലാകാരൻ തന്നെയാണെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. വരും കാലങ്ങളിൽ സലീം കുമാറിന്റെ ഇതിലും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കാം.

ആശ്വസിക്കാനുള്ള മറ്റൊരു കാര്യം. ഉരിയാടാജാടകളിൽ നിന്ന് വേറിട്ട് തികച്ചും മടുപ്പിക്കാതെ ഒരു മികച്ച ചിത്രം, അതും കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും ഒരുമിച്ച് നിറവേറ്റാൻ കെൽപ്പുള്ള ഒരു പ്രതിഭയെ മലയാളത്തിനു ലഭിച്ചിരിക്കുന്നു എന്നതു തന്നെയാണ്. സലീം അഹമ്മദിന് അഭിവാദ്യങ്ങളും ആശംസകളും. :)

Sunday, September 4, 2011

ആരെല്ലെന്‍ ഗുരുനാഥരാരെല്ലെന്‍ ഗുരുനാഥൻ പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ......

ഇന്ന് സെപ്തംബർ 5 അധ്യാപകദിനം.

എന്നെ പാഠഭാഗങ്ങളും, പാഠപുസ്തകത്തിലില്ലാത്തതുമായ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന, എന്നിലെ നല്ല നല്ല വാസനകളെ ഉണർത്തുവാൻ പരിശ്രമിച്ച എന്റെ പ്രിയപ്പെട്ട അധ്യാപകരെ ഞാൻ ഈ ദിനത്തിൽ ഓർക്കുന്നു. ജീവിതത്തിന്റെ പല പല ഗട്ടങ്ങളിലും, ഇവർ പറഞ്ഞ നല്ല നല്ല വാക്കുകൾ മനസ്സിലേക്കോടി വരാറുണ്ട്.... അതുകൊണ്ടു തന്നെ ഇവരെ ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല.... !! എങ്കിലും. :)

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എന്നെ പലതും പഠിപ്പിച്ച മാഷാണ് സൈമൺ മാഷ്, മാഷിന് ഇന്ന വിഷയം എന്നതില്ലായിരുന്നു, മാഷ് എല്ലാം പഠിപ്പിക്കും... എല്ലാം., വൃത്തിയിലും വെടുപ്പിലും നടക്കാൻ എന്നെ പഠിപ്പിച്ചത് ഇദ്ദേഹമായിരുന്നു. (ഒരിക്കൽ എന്നോടൊരു ചോദ്യം ചോദിച്ചിട്ട്, എന്റെ ഉത്തരം കേട്ടതിനു ശേഷം മാഷ് എന്നോട് സ്വകാര്യത്തിൽ പറഞ്ഞു. സുബീഷേ... താൻ ദിവസത്തിൽ രണ്ടു നേരം പല്ലു തേക്കണം വായിലെ ദുർഗന്ധം മാറ്റാൻ അതു നല്ലതാണെന്ന്), പിന്നെ മോളി ടീച്ചർ - മോളി ടീച്ചറുടെ ഒരു പ്രത്യേകത, ടീച്ചർ സംസാരിക്കാതിരിക്കുമ്പോഴും ടീച്ചറുടെ നാവ് എന്തോ മന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ടാവും എന്നതാണ്. അത് ടീച്ചർക്ക് ജന്മനാ ഉള്ള ഒരു വൈകല്യമാണത്രേ.. (ഒരിക്കൽ നാട്ടിൽ പോയപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞറിയുന്നത്: മോളി ടീച്ചർ തീ പിടിച്ച് മരിച്ചെന്ന്.), പിന്നെ ബേബി ടീച്ചർ : ഏഴാം ക്ലാസിലെ എന്റെ കണക്കു ടിച്ചറും, ക്ലാസ് ടീച്ചറും, ബേബി ടീച്ചറായിരുന്നു, ഈ കഴിഞ്ഞ നാട്ടിൽ പോക്കിൽ ഞാൻ ബസ് സ്റ്റോപ്പിൽ വെച്ച് അവിചാരിതമായി ബേബി ടീച്ചറെ കാണുകയും, സംസാരിക്കുകയും ചെയ്തിരുന്നു. ടീച്ചർ തന്നെ ഞങ്ങളോട് പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു. പഠനത്തിനു ശേഷവും നിങ്ങൾ എവിടേയെങ്കിലും വെച്ച് കാണുമ്പോൾ സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തേക്കണേ...എന്ന്., പിന്നെ എലിസബത്ത് ടീച്ചർ, പാത്തുമ്മ ടീച്ചർ, ജോസഫ് മാഷ് : കോപാകുലനായ ദുർവാസാവ് മഹർഷിയുടെ പോർക്കുളം പഞ്ചായത്ത് വേർഷനാണ് ജോസഫ് മാഷ് എന്ന് ഞങ്ങൾക്ക് അന്ന് തോന്നിയിരുന്നു., സിൽവി ടീച്ചർ : ഒന്നാം ക്ലാസ്സിൽ ഒരു ദിവസത്തെ അവസ്സാന പിരീഡിൽ ഞാൻ ക്ലാസ്സിലിരുന്ന് അപ്പിയിട്ടപ്പോൾ !! അന്ന് ആ ക്ലാസ്സിലുണ്ടായിരുന്നത് സിൽവി ടീച്ചറായിരുന്നു., പേര് മറന്നു പോയ നഴ്സറി ടീച്ചർ : ഞാൻ അടക്കമുള്ള എല്ലാ കുട്ടികളേയും ടീച്ചർ വീട്ടിൽ വന്നാണ് വിളിച്ചുകൊണ്ട് പോകാറുണ്ടായിരുന്നത്. പെഗാസസ് : ഒമ്പതാം ക്ലാസ്സിൽ എന്നെ ഇംഗ്ലീഷും, കെമിസ്ട്രിയും പഠിപ്പിച്ചിരുന്ന പെഗാസസ് എന്ന് ഞങ്ങൾ ടിച്ചർ കേൾക്കാതെ വിളിച്ചിരുന്ന ആ ടിച്ചറുടെ ശരിയായ പേര് ഞാൻ ഇന്ന് മറന്നു പോയിരിക്കുന്നു. ഈ ടീച്ചർ എന്നെ ചിത്രം വരയ്ക്കുന്നതിൽ വളരെയധികം പോത്സാഹിപ്പിച്ചിരുന്നു., അയ്യപ്പൻ മാഷ് : പഴഞ്ഞി സ്കൂളിൽ സുപ്രസിദ്ധനായ അയ്യപ്പൻ മാഷ് പിള്ളേർക്കെല്ലാം ഒരു പേടി സ്വപ്നമായിരുന്നു. അയ്യപ്പൻ മാഷ് എന്നെ പഠിപ്പിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തേയും, അദ്ദേഹത്തെക്കുറിച്ചുള്ള ഭീകര കഥകളേയും ഓർക്കാതിരിക്കാൻ വയ്യ., സോമൻ മാഷ് : പോലീസിൽ നിന്ന് രാജിവെച്ചതിനു ശേഷമാണ് സോമൻ മാഷ് അധ്യാപകനാവുന്നത്, ഇദ്ദേഹത്തിന്റെ നർമ്മരസം തുളുമ്പുന്ന മലയാളം ക്ലാസ്സുകൾ എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു., പിന്നെ കോപ്പിയടിച്ചതിന് ആദ്യമായി എന്നെ പിടിച്ച ഹിന്ദി പഠിപ്പിച്ചിരുന്ന സോഹൻ ലാൽ മാഷ്, ഒരു കൊല്ലം ഹിന്ദി പഠിപ്പിച്ചിട്ടും, അന്നാണ് സോഹൻലാൽ മാഷ് എന്നെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നെ ചന്ദ്രിക ടീച്ചർ : കോപ്പിയടിച്ച് പിഠിക്കപ്പെട്ട എന്നോട് നൂറു പ്രാവശ്യം "ഇനി ഞാൻ ജീവിതത്തിൽ കോപ്പിയടിക്കില്ല" എന്ന് എഴുതിക്കൊണ്ടുവരാൻ പറഞ്ഞത് ചന്ദ്രിക ടീച്ചറാണ്. പിന്നെ ഷൈലജ ടീച്ചർ, എട്ടാം ക്ലാസ്സിലെ എന്റെ ക്ലാസ് ടീച്ചർ, കുഞ്ഞൻ മാഷ്, ബിന്ദു ടീച്ചർ, മാഗി ടീച്ചർ, അങ്ങനെ ഒരു പാട് ടീച്ചർമാരും, മാഷന്മാരും,..... എല്ലാവരേയും ഞാൻ ഈ ദിനത്തിൽ ഓർമ്മിക്കുന്നു.
അധ്യാപകർ ഓരോ വ്യക്തിയുടെ, വ്യക്തിത്വ രൂപീകരണത്തിലും, ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പക്ഷേ... അതു നമ്മൾ തിരിച്ചറിയുന്നത് വളരെ വൈകിയാണ്.... വളരെ വളരെ വൈകി.... :(

Monday, August 29, 2011

നാടകങ്ങളുടെ പൂക്കാലം


അങ്ങനെ ഇന്നലെ... അതായത് 28.08.2011-ന് ജനസംസ്കൃതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിന്റെ  പരിസമാപ്തിയായിരുന്നു. ജനസംസ്കൃതിയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയത്യും, ഏറ്റവും കൂടുതൽ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടതും, ഏറ്റവും കൂടുതൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതുമായ ഒരു നാടകമത്സരമായിരുന്നു ഇപ്രാവശ്യത്തേത്. നാടകങ്ങളുടെ മികച്ച ഗുണനിലവാരം മൂലവും ഇപ്രാവശ്യത്തെ മത്സരം ശ്രദ്ധിക്കപ്പെട്ടു. ആകെ 26 നാടകങ്ങളുടെ പേരാണ് (13 കുട്ടികളുടെ നാടകങ്ങളും, 13 മുതിർന്നവരുടെ നാടകങ്ങളും) നൽകപ്പെട്ടിട്ടുണ്ടായിരുന്നത് എങ്കിലും 22 നാടകങ്ങളാണ് അരങ്ങിൽ കയറിയത് (11 കുട്ടികളുടെ നാടകങ്ങളും, 11 മുതിർന്നവരുടെ നാടകങ്ങളും).

കുട്ടികളുടെ നാടകത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്തത് ഡെൽഹി-സാകേത് ശാഖ അവതരിപ്പിച്ച "മനസറിയും യന്ത്രം" ആയിരുന്നു. മുതിർന്നവരുടെ നാടകത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്തത് ഡെൽഹി-സാകേത് ശാഖയിൽ നിന്നു തന്നെയുള്ള "ഭഗവദ്ജ്ജുകം" ആയിരുന്നു. കേരളത്തിലെ നാടക പ്രവർത്തകനും, സംവിധായകനുമായ "ശ്രീ സുനിൽ വക്കം" ആയിരുന്നു ഈ രണ്ട് നാടകങ്ങളുടേയും സംവിധാനം നിർവ്വഹിച്ചത് എന്നത് ഒരു പ്രത്യേകതയാണ്!. എല്ലാവർഷവും പോലെ ശ്രീ സാംകുട്ടി പട്ടംകിരിയാണ് ഇപ്രാവശ്യത്തേയും മൂന്ന് വിധികർത്താക്കളിൽ പ്രധാനിയായിരുന്നത്.

മത്സരഫലം എന്തായാലും ഇപ്രാവശ്യത്തെ മുതിർന്നവരുടെ നാടകങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഡെൽഹി-ദ്വാരക ശാഖയിൽ നിന്നുള്ള "രാമൻ ദൈവം" എന്ന നാടകമായിരൂന്നു. സംവിധാനം, അഭിനയം, രംഗസജ്ജീകരണം അങ്ങനെ എല്ലാ മേഖലയിലും ഈ നാടകം മികച്ചു നിന്നു. ഈ നാടകത്തിലെ "മത്തായി" എന്ന കഥാപാത്രം ശരിക്കും മത്തായിയായി ജീവിക്കുകയായിരുന്നു എന്ന് പറയാം. മത്തായിയെ അവതരിപ്പിച്ച നടന്റെ പേർ അറിയില്ലെങ്കിലും അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ. മികച്ച നടനുള്ള പുരസ്കാരം ഇദ്ദേഹത്തിനു കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും മികച്ച രണ്ടാമത്തെ നടൻ അഥവാ സഹനടനുള്ള പുരസ്കാരമാണ് മത്തായിക്ക് ലഭിച്ചത്.

ഡെൽഹി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പൂക്കാലമാണ് കടന്നുപോയത്. ജീവതഗന്ധിയായ ഒരു പിടി നല്ല നാടകങ്ങളുടെ വർണ്ണപ്പൂക്കാലം. കഴിഞ്ഞ മൂന്ന് മാസങ്ങളോളം എല്ലാവർക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ഒരു മികച്ച നാടകം അരങ്ങിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യം. അതിനു വേണ്ടിയുള്ള കിണഞ്ഞ പരിശ്രമങ്ങളുടെ ദീർഘ ദിനരാത്രങ്ങളാണ് കടന്നു പോയത്. ഓഫീസിൽ നിന്നും, തന്റെ സ്വകാര്യ കുടുംബജീവിതത്തിൽ നിന്നും, മറ്റു പല പ്രവൃത്തികളിൽ നിന്നും  കടമെടുക്കുന്ന വിലപ്പെട്ട സമയം താൻ ഭാഗമാവുന്ന നാടകത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി സമർപ്പിക്കുക എന്നത് നാടകമത്സരത്തിൽ പങ്കാളിയായ ഏതൊരാൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. താൻ അഭിനയിക്കുന്ന അല്ലെങ്കിൽ ഭാഗമാവുന്ന നാടകത്തിന് സമ്മാനം ലഭിക്കണേ.. എന്ന് എല്ലാവരും ആഗ്രഹിക്കുമെങ്കിലും അതിലുപരി ഈ നാടകപ്പൂക്കാലത്തിൽ വിരിയുന്ന ഒരു പിടി പൂക്കളിലെ ഒരു കുഞ്ഞു പൂവാകുക എന്നുള്ളത് ഒരു നവ്യാനുഭവമായിരുന്നു എല്ലാവർക്കും. പക്ഷേ.. അത് കഴിഞ്ഞപ്പോഴുണ്ടായ ശ്യൂന്യത..... ഒന്നും ചെയ്യുവാനില്ലാതുപോലെയുള്ള ഒരു തോന്നൽ അത് കുറച്ചു ദിവസങ്ങൾ മാത്രം നിലനിൽക്കുന്നതായിരിക്കാം എങ്കിലും ഇത്തിരി നൊമ്പരപ്പെടുത്തുന്നതാണ്. സൗഹൃദത്തിന്റേയും, സ്നേഹത്തിന്റേയും, പൊട്ടിച്ചിരികളുടേയും, പരിശ്രമങ്ങളുടേയും...മണിക്കൂറുകൾ എണ്ണാത്ത റിഹേഴ്സൽ ക്യാമ്പുകൾ ഒരു വേറിട്ടൊരനുഭവമാണ് നാടകത്തെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും.

ഡെൽഹിയുടെ വന്യമായ നഗരജീവിതത്തിലേക്ക് നിർബന്ധമായി മുഖം പൂഴ്ത്തേണ്ടി വരുമ്പോൾ, ശ്രദ്ധ തിരിക്കേണ്ടി വരുമ്പോൾ... ഈ ചെറിയ നൊമ്പരത്തിന്......ശൂന്യതക്ക് ഇരിക്കാനിടമുണ്ടാകില്ല മനസ്സിൽ എന്ന വാസ്തവം ദൃഢപ്പെട്ടുവരുമ്പോഴേക്കും അടുത്ത നാടകമത്സരങ്ങളുക്കുള്ള ആലോചനകൾ നാടകപ്രേമികളായ ഓരോ ഡെൽഹി മലയാളിയുടേയും മനസ്സിൽ മുളപൊട്ടിയിരിക്കും. അതാണ് അതിന്റെയൊരിത്... :)

മലയാളം മറക്കുന്ന മലയാളിയുടെ സ്വന്തം അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും കാണാതത്രയും കൂടുതൽ മലയാളത്തെ സ്നേഹിക്കുകയും, മലയാള നാടകങ്ങളെ മാറോടണക്കുകയും ചെയ്യുന്ന ഒരു കൂട്ടം മലയാളികൾ കേരളത്തിനു പുറത്തുണ്ട് എന്നത് പലപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരിക്കും! സത്യമതാണെങ്കിലും.

Tuesday, July 5, 2011

ആത്മപ്രണാമം



മലയാളഭാഷ എത്രകണ്ട് ലളിതമാക്കാമോ അത്രകണ്ട് ലളിതമാക്കി, അല്പസ്വല്പം മലയാളമറിയാവുന്ന ഏതൊരു വായനക്കാരനും ഗ്രഹിക്കാവുന്ന തരത്തിലുള്ള കഥകളും, നോവലുകളൂം, തിരക്കഥകളൂം രചിച്ച് മലയാളഭാഷയെ ഒരു കാലത്ത് സമ്പുഷ്ടമാക്കിയ കഥാകാരൻ, മലയാളത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീർ സ്മരണകൾ മാത്രമായിട്ട് ഇന്നേക്ക് പതിനേഴ് വർഷം തികയുന്നു. എന്റെ ഈ ബ്ലോഗിന്റെ പേരായ "ഹുന്ത്രാപ്പിബുസ്സാട്ടോ" എന്ന വാക്കിന്റെ യഥാർത്ഥ ഉടയോന് ആത്മപ്രണാമങ്ങൾ അർപ്പിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ - മലയാളം വിക്കിപീഡിയ
വൈക്കം മുഹമ്മദ് ബഷീർ - ഇംഗ്ലീഷ് വിക്കിപീഡിയ
ഓർമ്മയിൽ ബഷീർ - മാതൃഭൂമി
ഒരു മനുഷ്യൻ - മാതൃഭൂമി

Monday, July 4, 2011

Delhi Belly (ഡെല്ലി ബെല്ലി)



അങ്ങനെ ഡെല്ലി ബെല്ലിയും കണ്ടു. ഇങ്ങനെയൊരു ചിത്രം നിർമ്മിച്ചതിന് അമീർ ഖാനും, യു ടി.വിക്കും അഭിനന്ദനങ്ങൾ. ചിത്രം നന്നായി ഇഷ്ടപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഠപ്പേ...ന്ന് തുടങ്ങി കുറേ ചിരിപ്പിച്ചും അതിശയിപ്പിച്ചും (അതിശയിപ്പിച്ചത് അതിലെ ഹിന്ദിയിലുള്ള അനവധി തെറികളും, ഒന്ന് രണ്ട് മറ്റേ സീനുകളൂം, പിന്നെ ദില്ലിയിലെ വേശ്യാത്തെരുവിലെ ഒരു രംഗവുമാണ്!!!) ഒട്ടും ബോറടിപ്പിക്കാതെ ഠപ്പേ..ന്ന് തീരുന്ന ഒരു ചിത്രം. ചിത്രം കഴിഞ്ഞപ്പോ അയ്യോ കഴിഞ്ഞോ എന്ന് തോന്നിപ്പോയി. ആകെ 1.45 മണിക്കൂറെ ഈ ചിത്രമുള്ളു എന്നത് ഒരു നല്ല കാര്യമായിട്ടാണ് തോന്നിയത്. ഇടവേളയും വലിച്ചുനീട്ടലും ഒന്നും ഇല്ലാതെ പെട്ടന്ന് പരിപാടി അവസാനിപ്പിച്ചിട്ടുണ്ട്.

പ്രധാനമായും യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലഭിച്ച "എ" സർട്ടിഫിക്കറ്റ് നന്നായിത്തന്നെ ചിത്രത്തിൽ മുതലാക്കുന്നുണ്ട്. ചലച്ചിത്രത്തെ ചലച്ചിത്രമായി മാത്രം കാണാൻ ബുദ്ധിമുട്ടുള്ള സദാചാരപ്രാസംഗികർ / നിരൂപകർ അവരുടെ അനുഭാവികൾ, അനുകൂലികൾ തുടങ്ങിയവർ ഈ ചിത്രം തീർച്ചയായും ഉപേക്ഷിക്കേണ്ട ഒന്നാകുന്നു. കാരണം ഇത്തരം കൂട്ടർക്ക് ദഹിക്കാത്തതും, നെറ്റിചുളിഞ്ഞേക്കാവുന്നതുമായ ഒട്ടനവധി സീനുകളൂം, സംഭാഷണങ്ങളും ഈ ചിത്രത്തിൽ ധാരധാരയായി ഒരു പ്രവാഹം തന്നെ നടത്തുന്നുണ്ട്.

കഥ എന്ന് പറയുവാൻ ഈ ചിത്രത്തിൽ കാര്യമായൊന്നുമില്ല. ഒരു സന്ദേശവും ഈ ചിത്രം നൽകുന്നില്ല. അശ്ലീലം എന്ന് വിലയിരുത്തിയേക്കാവുന്ന ഒരു പാട് രംഗങ്ങൾ ഉണ്ട്താനും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രാവശ്യമെങ്കിലും കാണേണ്ട ചിത്രമാകുന്നു ഡെല്ലി ബെല്ലി!.

*വിജയ് റാസ് ആണ് ഇതിലെ വില്ലൻ. മൂപ്പരുടെ അഭിനയം ........ഹോ!! തകർത്തു.

*കാണുന്നുണ്ടെങ്കിൽ ഈ ചിത്രം തീയറ്ററിൽ പോയിത്തന്നെ കാണണം. ടി.വി.യിൽ വരുമ്പോൾ കാണാമെന്നു വെച്ചാൽ. ബീപ്...ബീപ്...ബീപ് എന്ന ശബ്ദമല്ലാതെ കാര്യമായൊന്നും സംഭാഷണമായി നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല !!.

*എ സർട്ടിഫിക്കറ്റായിട്ടുപോലും ദില്ലിയിലെ മൾട്ടിപ്ലസുകളിലെ ആൺ-പെൺ വ്യത്യാസമില്ലാത്ത തിക്കും തിരക്കും ഒന്ന് കാണേണ്ടതു തന്നെയാണ് അതിശയിച്ചു പോകും!!

Wednesday, June 22, 2011

അവാർഡ് കലപില

ഒരു നടൻ എന്ന് പറഞ്ഞാൽ ആരാണ്, നായകനടൻ, ഹാസ്യനടൻ, സഹനടൻ, വില്ലൻ നടൻ തുടങ്ങിയനടന്മാരിൽ മുന്തിയ ഇനത്തെ എങ്ങനെ വേർതിരിക്കാം. ഒരു പുരസ്കാരത്തിന് പരിഗണിക്കുമ്പോൾ നടന്മാരെ എങ്ങനെയൊക്കെ തരം തിരിച്ച് പരിഗണിക്കാം. കാലാകാലങ്ങളായി പുരസ്കാരത്തിനായി പരിഗണിച്ച് വരുന്നത്, നായകനടനേയും, സഹനടനേയുമായിരുന്നു. കാലക്രമേണ ഹാസ്യനടനും പുരസ്കാരത്തിനർഹനായി, ഇപ്പോൾ മികച്ച വില്ലനും പുരസ്കാരാർഹനാണ്. ഇനിയങ്ങോട്ട്, മികച്ച അച്ഛൻ നടൻ, ഏട്ടൻ നടൻ, അമ്മാവൻ നടൻ, അളിയൻ നടൻ, കാര്യസ്ഥൻ നടൻ, സഹഹാസ്യനടൻ, സഹവില്ലൻ നടൻ തുടങ്ങിയവരും പുരസ്കാരത്തിനർഹനായേക്കാം. ഈയൊരു പോക്ക് ഭയന്നിട്ടാണോ, ഇതിന്റെ ആവശ്യകതയിലെ സംശയമാണോ എന്താണെന്നറിയില്ല ദേശീയ പുരസ്കാര ജേതാവ് നമ്മുടെ സലീം കുമാർ ഇപ്പോ പറയുന്നത് ഇത്തരം അവാർഡുകളെല്ലാം നിർത്തലാക്കണം എന്നാണ്. നവരസങ്ങളിൽ ഹാസ്യം എന്നത് ഒരു രസം മാത്രമാണ്, അതുകൊണ്ട് അതിന് അങ്ങനെ വേർതിരിച്ച് ഒരു പുരസ്കാരത്തിന് പരിഗണിക്കേണ്ട കാര്യമില്ല എന്നൊക്കെയാണ് സലീംകുമാർ പറയുന്നത്. ഇതിനെ മികച്ച പുരസ്ക്കാരം ഒന്നും കിട്ടാത്ത മറ്റു സഹ-ഹാസ്യനടന്മാർക്കും, മറ്റു പലർക്കും എങ്ങനെ വേണമെങ്കിലും നോക്കിക്കാണാം, ഒരു ദേശീയ പുരസ്ക്കാരം അബദ്ധത്തിൽ!! കിട്ടിയതു കൊണ്ടുണ്ടായ സലീംകുമാറിന്റെ ഹുങ്കായും അല്ലെങ്കിൽ അഹങ്കാരമായും നോക്കിക്കാണാം, സലീംകുമാറിന് വിവരമില്ല എന്ന് പറയാം, അല്പന് ആ സാധനം കിട്ടിയത് കൊണ്ട് അർദ്ധരാത്രി അമ്പ്രല്ല പിടിക്കാണ് എന്ന് പറയാം. പറയുന്നവർ എന്തൊക്കെ പറഞ്ഞാലും സലീം കുമാർ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണെനിക്കഭിപ്രായം. പക്ഷേ... അത് ഒട്ടും പ്രാക്ടിക്കലല്ല എന്നതാണ് വാസ്തവം. ഒരു നടൻ എല്ലാ തരം ഭാവങ്ങളും അഭിനയിച്ച് ഫലിപ്പിക്കാൻ ശേഷിയുള്ളവനായിരിക്കണം എന്നത് ശരിതന്നെ അങ്ങനെയാണെങ്കിൽ ഇവിടെ ഒരു നടന് മാത്രമേ പുരസ്കാരം ലഭിക്കുകയുള്ളൂ. അത് നായകനടനായിരിക്കും കാരണം ഇന്നിപ്പോൾ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ 99 ശതമാനവും നായകകേന്ദ്രീകൃത ചലച്ചിത്രങ്ങളാണ്. അങ്ങനെയുള്ളപ്പോൾ മറ്റുള്ള നടന്മാർക്ക് എങ്ങനെ ഒരു പുരസ്കാരം ഒപ്പിച്ചെടുക്കാനാവും. (കാശില്ലാത്ത നടന്മാരെക്കുറിച്ചാണ് പറഞ്ഞത്, കാശുള്ളവർക്കൊക്കെ പിന്നെ എന്തുമാവാല്ലോ!!). ഏതൊരു നടനെ സംബന്ധിച്ചിടത്തോളവും കാശ് കൊടുത്ത് വാങ്ങാത്ത പുരസ്കാരം എന്നത് അത് മുന്തിയതായാലും, ലോക്കലായാലും ഒരു പ്രോത്സാഹനം തന്നെയാണ്. അവന്റെ മുന്നോട്ടുള്ള അഭിനയജീവിതത്തിന് ഒരു പ്രചോദനം തന്നെയാണത്. സലീം കുമാറിനേപ്പോലെ ഒരു ആദാമിന്റെ മകൻ എല്ലാവർക്കും കിട്ടിക്കോളണം എന്നില്ലല്ലോ. അങ്ങനെയുള്ളവരാണ് അധികവും. പിന്നെ ഈ പുരസ്കാര സമിതി എന്ന പേരിലും കുറച്ച് പേർ കഞ്ഞി കുടിച്ച് പോകുന്നുണ്ട് അവർക്കും എന്തെങ്കിലും പണി വേണ്ടേ?. പിന്നെ സലീം കുമാറടക്കമുള്ള എല്ലാ നടീനടന്മാരും മുട്ടിന്-മുട്ടിന് പറയുന്ന ഒരു കാര്യമുണ്ട് ഏതവാർഡിനും വിലമതിക്കാനാവാത്തതാണ് പ്രേക്ഷകരുടെ മനസ്സിലുള്ള സ്ഥാനം (സംഭവം കണ്ണിൽ പൊടിയിടുകയാണ് എങ്കിലും)എന്ന്. അങ്ങനെയുള്ളപ്പോൾ നിങ്ങൾ എന്തിന് അവാർഡിനെച്ചൊല്ലി കലഹിക്കണം. നിങ്ങൾ നല്ല നല്ല സിനിമയുണ്ടാക്കൂ.. അതിനു വേണ്ടി പരിശ്രമിക്കൂ.. നിങ്ങൾ അതിന് വേണ്ടി സ്വമേതയാ നിയമിതരായവരാണ്. നിങ്ങൾ നല്ല നല്ല ചലച്ചിത്രങ്ങളും, നല്ല നല്ല അഭിനയമുഹൂർത്തങ്ങളും ജനങ്ങൾക്ക് നൽകൂ, നിങ്ങളുടെ പേർ ചരിത്രത്തിലും, പ്രേക്ഷകമനസ്സിലും സുവർണ്ണലിപികളിൽ രേഖപ്പെടും സംശയമില്ല. :)

Tuesday, June 21, 2011

ഒരു നേരമ്പോക്ക്.... :)

ടി. വി. കണ്ട് കണ്ട് കണ്ട്.... ബോറടിച്ചിരുന്ന ഒരു ഒഴിവു ദിവസത്തിൽ കാട്ടിക്കൂട്ടിയത്. കുഴപ്പമില്ല എന്നു തോന്നിയതുകൊണ്ട് പോസ്റ്റുന്നു. :)