അങ്ങനെ ഇന്നലെ... അതായത് 28.08.2011-ന് ജനസംസ്കൃതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിന്റെ പരിസമാപ്തിയായിരുന്നു. ജനസംസ്കൃതിയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയത്യും, ഏറ്റവും കൂടുതൽ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടതും, ഏറ്റവും കൂടുതൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതുമായ ഒരു നാടകമത്സരമായിരുന്നു ഇപ്രാവശ്യത്തേത്. നാടകങ്ങളുടെ മികച്ച ഗുണനിലവാരം മൂലവും ഇപ്രാവശ്യത്തെ മത്സരം ശ്രദ്ധിക്കപ്പെട്ടു. ആകെ 26 നാടകങ്ങളുടെ പേരാണ് (13 കുട്ടികളുടെ നാടകങ്ങളും, 13 മുതിർന്നവരുടെ നാടകങ്ങളും) നൽകപ്പെട്ടിട്ടുണ്ടായിരുന്നത് എങ്കിലും 22 നാടകങ്ങളാണ് അരങ്ങിൽ കയറിയത് (11 കുട്ടികളുടെ നാടകങ്ങളും, 11 മുതിർന്നവരുടെ നാടകങ്ങളും).
കുട്ടികളുടെ നാടകത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്തത് ഡെൽഹി-സാകേത് ശാഖ അവതരിപ്പിച്ച "മനസറിയും യന്ത്രം" ആയിരുന്നു. മുതിർന്നവരുടെ നാടകത്തിൽ മികച്ച നാടകമായി തിരഞ്ഞെടുത്തത് ഡെൽഹി-സാകേത് ശാഖയിൽ നിന്നു തന്നെയുള്ള "ഭഗവദ്ജ്ജുകം" ആയിരുന്നു. കേരളത്തിലെ നാടക പ്രവർത്തകനും, സംവിധായകനുമായ "ശ്രീ സുനിൽ വക്കം" ആയിരുന്നു ഈ രണ്ട് നാടകങ്ങളുടേയും സംവിധാനം നിർവ്വഹിച്ചത് എന്നത് ഒരു പ്രത്യേകതയാണ്!. എല്ലാവർഷവും പോലെ ശ്രീ സാംകുട്ടി പട്ടംകിരിയാണ് ഇപ്രാവശ്യത്തേയും മൂന്ന് വിധികർത്താക്കളിൽ പ്രധാനിയായിരുന്നത്.
മത്സരഫലം എന്തായാലും ഇപ്രാവശ്യത്തെ മുതിർന്നവരുടെ നാടകങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഡെൽഹി-ദ്വാരക ശാഖയിൽ നിന്നുള്ള "രാമൻ ദൈവം" എന്ന നാടകമായിരൂന്നു. സംവിധാനം, അഭിനയം, രംഗസജ്ജീകരണം അങ്ങനെ എല്ലാ മേഖലയിലും ഈ നാടകം മികച്ചു നിന്നു. ഈ നാടകത്തിലെ "മത്തായി" എന്ന കഥാപാത്രം ശരിക്കും മത്തായിയായി ജീവിക്കുകയായിരുന്നു എന്ന് പറയാം. മത്തായിയെ അവതരിപ്പിച്ച നടന്റെ പേർ അറിയില്ലെങ്കിലും അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ. മികച്ച നടനുള്ള പുരസ്കാരം ഇദ്ദേഹത്തിനു കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും മികച്ച രണ്ടാമത്തെ നടൻ അഥവാ സഹനടനുള്ള പുരസ്കാരമാണ് മത്തായിക്ക് ലഭിച്ചത്.
ഡെൽഹി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പൂക്കാലമാണ് കടന്നുപോയത്. ജീവതഗന്ധിയായ ഒരു പിടി നല്ല നാടകങ്ങളുടെ വർണ്ണപ്പൂക്കാലം. കഴിഞ്ഞ മൂന്ന് മാസങ്ങളോളം എല്ലാവർക്കും ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ഒരു മികച്ച നാടകം അരങ്ങിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യം. അതിനു വേണ്ടിയുള്ള കിണഞ്ഞ പരിശ്രമങ്ങളുടെ ദീർഘ ദിനരാത്രങ്ങളാണ് കടന്നു പോയത്. ഓഫീസിൽ നിന്നും, തന്റെ സ്വകാര്യ കുടുംബജീവിതത്തിൽ നിന്നും, മറ്റു പല പ്രവൃത്തികളിൽ നിന്നും കടമെടുക്കുന്ന വിലപ്പെട്ട സമയം താൻ ഭാഗമാവുന്ന നാടകത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി സമർപ്പിക്കുക എന്നത് നാടകമത്സരത്തിൽ പങ്കാളിയായ ഏതൊരാൾക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. താൻ അഭിനയിക്കുന്ന അല്ലെങ്കിൽ ഭാഗമാവുന്ന നാടകത്തിന് സമ്മാനം ലഭിക്കണേ.. എന്ന് എല്ലാവരും ആഗ്രഹിക്കുമെങ്കിലും അതിലുപരി ഈ നാടകപ്പൂക്കാലത്തിൽ വിരിയുന്ന ഒരു പിടി പൂക്കളിലെ ഒരു കുഞ്ഞു പൂവാകുക എന്നുള്ളത് ഒരു നവ്യാനുഭവമായിരുന്നു എല്ലാവർക്കും. പക്ഷേ.. അത് കഴിഞ്ഞപ്പോഴുണ്ടായ ശ്യൂന്യത..... ഒന്നും ചെയ്യുവാനില്ലാതുപോലെയുള്ള ഒരു തോന്നൽ അത് കുറച്ചു ദിവസങ്ങൾ മാത്രം നിലനിൽക്കുന്നതായിരിക്കാം എങ്കിലും ഇത്തിരി നൊമ്പരപ്പെടുത്തുന്നതാണ്. സൗഹൃദത്തിന്റേയും, സ്നേഹത്തിന്റേയും, പൊട്ടിച്ചിരികളുടേയും, പരിശ്രമങ്ങളുടേയും...മണിക്കൂറുകൾ എണ്ണാത്ത റിഹേഴ്സൽ ക്യാമ്പുകൾ ഒരു വേറിട്ടൊരനുഭവമാണ് നാടകത്തെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും.
ഡെൽഹിയുടെ വന്യമായ നഗരജീവിതത്തിലേക്ക് നിർബന്ധമായി മുഖം പൂഴ്ത്തേണ്ടി വരുമ്പോൾ, ശ്രദ്ധ തിരിക്കേണ്ടി വരുമ്പോൾ... ഈ ചെറിയ നൊമ്പരത്തിന്......ശൂന്യതക്ക് ഇരിക്കാനിടമുണ്ടാകില്ല മനസ്സിൽ എന്ന വാസ്തവം ദൃഢപ്പെട്ടുവരുമ്പോഴേക്കും അടുത്ത നാടകമത്സരങ്ങളുക്കുള്ള ആലോചനകൾ നാടകപ്രേമികളായ ഓരോ ഡെൽഹി മലയാളിയുടേയും മനസ്സിൽ മുളപൊട്ടിയിരിക്കും. അതാണ് അതിന്റെയൊരിത്... :)
മലയാളം മറക്കുന്ന മലയാളിയുടെ സ്വന്തം അല്ലെങ്കിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും കാണാതത്രയും കൂടുതൽ മലയാളത്തെ സ്നേഹിക്കുകയും, മലയാള നാടകങ്ങളെ മാറോടണക്കുകയും ചെയ്യുന്ന ഒരു കൂട്ടം മലയാളികൾ കേരളത്തിനു പുറത്തുണ്ട് എന്നത് പലപ്പോഴും വിശ്വസിക്കാൻ പ്രയാസമായിരിക്കും! സത്യമതാണെങ്കിലും.