അങ്ങനെ ഡെല്ലി ബെല്ലിയും കണ്ടു. ഇങ്ങനെയൊരു ചിത്രം നിർമ്മിച്ചതിന് അമീർ ഖാനും, യു ടി.വിക്കും അഭിനന്ദനങ്ങൾ. ചിത്രം നന്നായി ഇഷ്ടപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഠപ്പേ...ന്ന് തുടങ്ങി കുറേ ചിരിപ്പിച്ചും അതിശയിപ്പിച്ചും (അതിശയിപ്പിച്ചത് അതിലെ ഹിന്ദിയിലുള്ള അനവധി തെറികളും, ഒന്ന് രണ്ട് മറ്റേ സീനുകളൂം, പിന്നെ ദില്ലിയിലെ വേശ്യാത്തെരുവിലെ ഒരു രംഗവുമാണ്!!!) ഒട്ടും ബോറടിപ്പിക്കാതെ ഠപ്പേ..ന്ന് തീരുന്ന ഒരു ചിത്രം. ചിത്രം കഴിഞ്ഞപ്പോ അയ്യോ കഴിഞ്ഞോ എന്ന് തോന്നിപ്പോയി. ആകെ 1.45 മണിക്കൂറെ ഈ ചിത്രമുള്ളു എന്നത് ഒരു നല്ല കാര്യമായിട്ടാണ് തോന്നിയത്. ഇടവേളയും വലിച്ചുനീട്ടലും ഒന്നും ഇല്ലാതെ പെട്ടന്ന് പരിപാടി അവസാനിപ്പിച്ചിട്ടുണ്ട്.
പ്രധാനമായും യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലഭിച്ച "എ" സർട്ടിഫിക്കറ്റ് നന്നായിത്തന്നെ ചിത്രത്തിൽ മുതലാക്കുന്നുണ്ട്. ചലച്ചിത്രത്തെ ചലച്ചിത്രമായി മാത്രം കാണാൻ ബുദ്ധിമുട്ടുള്ള സദാചാരപ്രാസംഗികർ / നിരൂപകർ അവരുടെ അനുഭാവികൾ, അനുകൂലികൾ തുടങ്ങിയവർ ഈ ചിത്രം തീർച്ചയായും ഉപേക്ഷിക്കേണ്ട ഒന്നാകുന്നു. കാരണം ഇത്തരം കൂട്ടർക്ക് ദഹിക്കാത്തതും, നെറ്റിചുളിഞ്ഞേക്കാവുന്നതുമായ ഒട്ടനവധി സീനുകളൂം, സംഭാഷണങ്ങളും ഈ ചിത്രത്തിൽ ധാരധാരയായി ഒരു പ്രവാഹം തന്നെ നടത്തുന്നുണ്ട്.
കഥ എന്ന് പറയുവാൻ ഈ ചിത്രത്തിൽ കാര്യമായൊന്നുമില്ല. ഒരു സന്ദേശവും ഈ ചിത്രം നൽകുന്നില്ല. അശ്ലീലം എന്ന് വിലയിരുത്തിയേക്കാവുന്ന ഒരു പാട് രംഗങ്ങൾ ഉണ്ട്താനും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രാവശ്യമെങ്കിലും കാണേണ്ട ചിത്രമാകുന്നു ഡെല്ലി ബെല്ലി!.
*വിജയ് റാസ് ആണ് ഇതിലെ വില്ലൻ. മൂപ്പരുടെ അഭിനയം ........ഹോ!! തകർത്തു.
*കാണുന്നുണ്ടെങ്കിൽ ഈ ചിത്രം തീയറ്ററിൽ പോയിത്തന്നെ കാണണം. ടി.വി.യിൽ വരുമ്പോൾ കാണാമെന്നു വെച്ചാൽ. ബീപ്...ബീപ്...ബീപ് എന്ന ശബ്ദമല്ലാതെ കാര്യമായൊന്നും സംഭാഷണമായി നിങ്ങൾക്ക് കേൾക്കാൻ സാധിക്കില്ല !!.
*എ സർട്ടിഫിക്കറ്റായിട്ടുപോലും ദില്ലിയിലെ മൾട്ടിപ്ലസുകളിലെ ആൺ-പെൺ വ്യത്യാസമില്ലാത്ത തിക്കും തിരക്കും ഒന്ന് കാണേണ്ടതു തന്നെയാണ് അതിശയിച്ചു പോകും!!
No comments:
Post a Comment